കൽപറ്റ: എനിക്ക് മറ്റൊരു വീട് വേണ്ട, ജനങ്ങളുടെ കൈയിൽനിന്ന് പിരിച്ച് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലെ വീട് മതി’’ – മുണ്ടക്കൈ–ചൂരൽമല മാതൃകാ ടൗൺഷിപ്പിൽ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ട കെ.ടി നൗഫല്‍ പറയുന്നു. ടൗൺഷിപ്പിൽ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ടതിനു പിന്നാലെ അതിരൂക്ഷമായ സൈബറാക്രമണമാണ് വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി കെ.ടി നൗഫല്‍ നേരിടുന്നത്.
റവന്യൂ മന്ത്രി കെ.രാജൻ നേരിട്ടെത്തി വിള്ളൽ ഉരച്ചുനോക്കി വിള്ളലല്ലെന്നും മാർക്കിങ്ങാണെന്നും പറഞ്ഞിരുന്നു. തുടരുന്ന സൈബറാക്രമണത്തിനിടയിലും വിള്ളലുണ്ടെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കെ.ടി നൗഫൽ. മറ്റൊരു വീട് വേണ്ടെന്നും ടൗൺഷിപ്പിലെ വീട് മതിയെന്നും നൗഫൽ പറഞ്ഞു. ‘‘രണ്ടാഴ്ച മുന്‍പ് മഴ പെയ്തപ്പോഴാണ് വീടിനകത്തെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ കണ്ടതോടെ ഊരാളുങ്കലിലെ എൻജിനീയറോടു പരാതിപ്പെട്ടു. ചോർച്ച ഉണ്ടോ എന്നു വീട്ടിൽ വന്നു പരിശോധിച്ചാൽ മനസിലാകും.
ഇനിയും ചോര്‍ച്ച അടച്ചാൽ എട്ടിഞ്ചാകും സ്ലാബ്. അത് താങ്ങുമോ എന്നത് ഊരാളുങ്കലാണ് പറയേണ്ടത്. സർക്കാർ നൽകിയ വീടാണ്. സംഘടനയുടേതോ രാഷ്ട്രീയ പാർട്ടിയുടേതോ അല്ല. ജനങ്ങൾ നൽകിയ പണം, അതിൽനിന്നാണ് സർക്കാർ വീട് അനുവദിച്ചത്. അതിനാൽ മറ്റൊരു സംഘടനയുടെ വീടും വേണ്ട.
സർക്കാരിൽ പൂർണ വിശ്വാസം ഉണ്ട്. ആ വിശ്വാസം ഉള്ളതിനാലാണ് ടൗൺഷിപ്പിൽ തന്നെ വീട് മതിയെന്ന് പറഞ്ഞത്. ഇല്ലെങ്കിൽ എനിക്ക് എവിടേക്കെങ്കിലും പോകാമായിരുന്നു. 16 പേരെയാണ് എനിക്കു നഷ്ടമായത്. ഇപ്പോൾ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. പരാതി ഉള്ളതുകൊണ്ടാണ് പറഞ്ഞത്. അത് പരിഹരിച്ച് നൽകേണ്ടത് സർക്കാരിന്റെ കടമയാണ്.














































