മാവേലിക്കര: പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ച് രണ്ടാംദിവസം തന്നെ പദ്ധതിക്ക് അള്ളുവച്ച് ജീവനക്കാർ. തലേദിവസത്തേപോലെ സൗജന്യ യാത്രയ്ക്കായി മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ബസ് കാത്തുനിന്ന സ്ത്രീകളിൽ പകുതിയോളം പേർക്ക് ചൊവ്വാഴ്ച നിരാശരാകേണ്ടതായി വന്നു. ഏറെ കാത്തുനിന്നശേഷവും കെഎസ്ആർടിസി കിട്ടാതെ വന്നതോടെ സ്വകാര്യബസുകളിൽ യാത്രചെയ്യേണ്ടിവന്നു. സൗജന്യയാത്ര സാധ്യമാകുന്ന 17 ഓർഡിനറി ബസുകളാണ് മാവേലിക്കര ഡിപ്പോയിലുള്ളത്. അവയിൽ എട്ടും ചൊവ്വാഴ്ച ഓടിയില്ല. താത്കാലിക ഡ്രൈവർമാർ എത്താത്തതാണു കാരണമെന്നാണ് പറയുന്നത്. എന്നാൽ പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചതാണെന്ന ആരോപണവുമുണ്ട്.
തിരുവല്ല- കായംകുളം, പത്തനംതിട്ട- ആലപ്പുഴ ചെയിൻ സർവീസുകൾക്കുപയോഗിക്കുന്ന നാലുവീതം ബസുകളുടെ ഷെഡ്യൂളുകളാണ് ചൊവ്വാഴ്ച നടക്കാതിരുന്നത്. ഇതോടെ അൻപതോളം ട്രിപ്പുകളാണ് ചൊവ്വാഴ്ച മുടങ്ങിയത്. അതേസമയം സൗജന്യയാത്രയുടെ ആദ്യദിനമായ തിങ്കളാഴ്ച ഡിപ്പോയിൽനിന്ന് ഓർഡിനറി ബസുകളിൽ യാത്രചെയ്ത സ്ത്രീകളുടെ എണ്ണം റെക്കോഡായിരുന്നു. അയ്യായിരത്തിലധികം സ്ത്രീകളാണ് ആലപ്പുഴ, പത്തനംതിട്ട, കായംകുളം, തിരുവല്ല ഭാഗങ്ങളിലേക്കുള്ള ബസുകളിൽ സഞ്ചരിച്ചത്. അരമണിക്കൂർ ഇടവേളയിലാണ് ഈ റൂട്ടുകളിൽ ചെയിൻ സർവീസുള്ളത്.
അതേസമയം മാവേലിക്കര ഡിപ്പോയിൽ 65 ഡ്രൈവർമാർ വേണ്ടതിൽ 30 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. 35 പേർ താത്കാലികക്കാരാണ്. മാസങ്ങളായി ഇവർക്കു ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ലെന്നും നിലവിൽ രണ്ടുമാസത്തെ കുടിശ്ശികയുണ്ടെന്നും പറയുന്നു. കഴിഞ്ഞദിവസം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി 12 താത്കാലിക ഡ്രൈവർമാരെ ഡിപ്പോയിലേക്കയച്ചിട്ടുണ്ട്. ഇവരെയുപയോഗിച്ച് അടുത്ത ദിവസംമുതൽ മുടങ്ങാതെ സർവീസ് നടത്താനാകുമെന്നാണു പ്രതീക്ഷ.
















































