ന്യൂയോർക്ക്: യുഎസിലെ കാലിഫോർണിയയിൽ ബീച്ചിൽ ഉറങ്ങുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരായ യുവതികൾ മരിച്ചു. ബോണി ഡൂൺ ബീച്ചിൽ നടന്ന അപകടത്തിലാണ് ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നിവർക്ക് ദാരുണാന്ത്യം സംഭവിച്ചത്.
സുഹൃത്തുക്കളായ ഇരുവരും കടൽത്തീരത്തെ ഒരു പാറക്കെട്ടിന് സമീപം ഉറങ്ങുകയായിരുന്നു. ശക്തമായ തിരമാലയടിച്ച് ഇവർ കടലിലേയ്ക്ക് വീണു. മുമ്പും തിരമാലകളുടെ ആഘാതത്തെ തുടർന്ന് അപകടങ്ങൾ ഉണ്ടായിട്ടുള്ള മേഖലയാണിത്.
അപകടം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്‌സാക്ഷി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ യുവതികൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
















































