തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഇടപെടൽ. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സംഭവം സ്വമേധയാ പരിഗണിച്ച കേസിലാണ് കോടതിയുടെ നടപടി. കുട്ടിയുടെ മുത്തശ്ശി നേരത്തെ പരാതി നൽകിയിരുന്നിട്ടും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കോടതി ചോദിച്ചു. പരാതി ലഭിച്ച സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും നിർദേശമുണ്ട്.
റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പരാതികളിൽ സ്വീകരിച്ച നടപടികളും കോടതി വിശദമായി പരിശോധിക്കുമെന്നാണ് സൂചന.
















































