കോഴിക്കോട്: വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജു (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ബന്ധുവായ, മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുൻപ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ബിജുവും ബന്ധുക്കളും ചേർന്ന് ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
അതേസമയം പ്രതിയുടെ കൈയിലുണ്ടായിരുന്ന മുറിവും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവായത്. ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ഫോൺ, സ്കൂട്ടറിൻറെയും മുറിയുടെയും താക്കോലുകൾ എന്നിവ പ്രതി കൈക്കലാക്കിയിരുന്നു. കൂടാതെ ഞായറാഴ്ച ബിജുവിൻറെ മൃതദേഹം പാളയത്തെ തറവാട്ടു വീട്ടിലെത്തിച്ചപ്പോഴും പ്രതി അവിടെയെത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആ സമയത്ത് ഇയാളുടെ കൈകളിൽ മുറിവുകളുണ്ടായിരുന്നു.
ഇതിനിടെ സംഭവത്തിന് പിന്നിൽ ലഹരിസംഘങ്ങളാണെന്ന കുടുംബത്തിൻറെ ആരോപണം പോലീസ് നിലവിൽ മുഖവിലയ്ക്കെടുത്തിട്ടില്ല. ബിജു താമസിച്ചിരുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും തമ്പടിച്ചിരുന്ന ലഹരിസംഘങ്ങൾക്കെതിരെ ബിജു നിരന്തരം പ്രതികരിച്ചിരുന്നു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബിജു കൈമാറിയിരുന്നതായും, ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

















































