കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട 15കാരനു ദാരുണാന്ത്യം. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ എത്തിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അതേസമയം, വടകര പാലയാട്ടുനടയിലും വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു. വില്ലേജ് ഓഫീസിന് പിൻവശത്തെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്. പുഴയിൽ കുളിക്കാനെത്തിയ നാല് പേർ ഒഴുക്കിൽപ്പെട്ടിരുന്നു. ഇതിൽ മൂന്നു പേരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. നാലാമനായ മലപ്പുറം സ്വദേശിയായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തുടരുകയാണ്.
ഇതിനിടെ രക്ഷപ്പെടുത്തിയ വിദ്യാർഥികളിൽ ഒരാളായ നബീൽ (19) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. കണ്ടെത്താനുള്ള കുട്ടിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇതിനിടെ പാലക്കാട് പൈലിപ്പുറത്ത് കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട എട്ടുവയസുകാരൻ കൊടുമുണ്ട മൂർഴാംകുഴി സ്വദേശി സഹദിന്റെ മൃതദേഹം കണ്ടെത്തി. തിരുവോണ നാളിൽ ഉമ്മയും വലിയുമ്മയുമടങ്ങുന്ന കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ സഹദ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടാമ്പി പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ കിലോമീറ്ററുകൾ അപ്പുറം പൊന്നാനിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.






