കോഴിക്കോട്; പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് അന്വേഷണ സംഘം പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയിൽ നിന്ന് പിടികൂടിയത്. പ്രതികൾ ആഴ്ചയിൽ 10 കിലോ എംഡിഎംഎ വിൽക്കുമെന്നും അത്തരത്തിൽ കോടികളുടെ വരുമാനമുണ്ടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അജ്മൽ നേരത്തെയും ലഹരി കേസിൽ പിടിയിലായിരുന്നു. ഇരുവരും ഡൽഹിയിൽ താമസിക്കുന്നതിനിടയിലാണ് ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായത്.
കഴിഞ്ഞ മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. ഈ കേസിൽ മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതനുസരിച്ച് ഡൽഹിയിൽനിന്നാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിക്കുന്നതെന്ന് വ്യക്തമായി. തുടർന്ന് പോലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ വച്ച് രണ്ടുപേരെകൂടി പിടികൂടിയത്. ഇവരിൽ നിന്ന് ലഹരി മരുന്ന് പാക്ക് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ, നോട്ട് കൗണ്ടിങ് മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.






