ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രസംഗം അൽപനേരത്തേക്ക് നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു മോദി പ്രസംഗം നിർത്തിയത്.തുടർന്ന് ‘പ്രശ്നമൊന്നുമില്ലാല്ലോ…’ എന്ന് മോദി ചോദിക്കുകയും ചെയ്തു. ഷി ജിൻപിങ്ങിന്റെ പരിഭാഷകനോട് ‘എല്ലാം ഓക്കെയാണോ?’ എന്ന് മോദി ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. ഷി ജിൻപിങ്ങിന് എന്തോ അസ്വസ്ഥതയുള്ളതായി ശ്രദ്ധയിൽപ്പെട്ടതോടെ മോദി അദ്ദേഹത്തിന്റെ പരിഭാഷകനോട് വിവരം അന്വേഷിക്കുകയായിരുന്നു. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രധാനമന്ത്രി വീണ്ടും ചോദ്യം ആവർത്തിച്ചു.
തുടർന്ന് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഷി ജിൻപിങ് തലയാട്ടി അറിയിച്ചതോടെ മോദി പ്രസംഗം പുനരാരംഭിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്.
അതേസമയം, ബ്രിക്സ് ഉച്ചകോടിയിലെ ഔദ്യോഗിക അത്താഴവിരുന്നിൽനിന്ന് ഷി ജിൻപിങ് വിട്ടുനിന്നത് നേരത്തെ വാർത്തയായിരുന്നു. നീണ്ട യാത്രയും തുടർച്ചയായ യോഗങ്ങളും മൂലമുള്ള യാത്രാക്ഷീണമാണ് വിരുന്നിൽ പങ്കെടുക്കാതിരിക്കാൻ കാരണമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.






