കോഴിക്കോട്: ഫിഫ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരേ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വിജയിച്ച് സെമി ബർത്ത് ഉറപ്പിച്ചത് ആഘോഷിക്കുന്നതിനിടെ കോഴിക്കോട് അപകടം. അർജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന് ( 23 ) ആണ് ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വിജയം ആഘോഷിക്കുന്നതിനിടെ സഹദ് രണ്ടു പടക്കങ്ങൾ ഒരുമിച്ച് കയ്യിൽ പിടിക്കുകയായിരുന്നു. ഒരു പടക്കത്തിന് തീ കൊടുക്കുന്നതിനിടെ കയ്യിലിരുന്ന രണ്ടാമത്തേതിലേക്കും തീ പടർന്നത് യുവാവ് അറിഞ്ഞില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. അപകടത്തിൽ സഹദിന്റെ ഇടത് കയ്യിലെ നാലു വിരലുകളാണ് അറ്റത്. ചെറുവിരലും മോതിരവിരലും പൂർണമായി അറ്റുപോയി. മറ്റ് രണ്ടു വിരലുകൾ ഭാഗികമായി നഷ്ടപ്പെട്ടു. എക്സ്റേയിൽ കയ്യുടെ അസ്ഥികൾ പൂർണമായി തകർന്നതായി സഹദിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സഹദ് ഉൾപ്പെട്ട സംഘം അർജന്റീനയുടെ മത്സരം ചക്കുംകടവിൽ പ്രദർശിപ്പിച്ച വലിയ സ്ക്രീനിൽ കാണുകയായിരുന്നു. വിജയം ആഘോഷിക്കാൻ ഇവർ ഗുണ്ട് ഇനത്തിൽപ്പെട്ട പടക്കങ്ങളും കരുതിയിരുന്നു.

















































