കാക്കനാട് (കൊച്ചി): വാടകയ്ക്കെടുത്ത വീടുകൾ ഉടമ അറിയാതെ വ്യാജരേഖകളുണ്ടാക്കി മറ്റുള്ളവർക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ കാക്കനാട് കേന്ദ്രീകരിച്ച് സജീവമാകുന്നതായി പരാതി. തൃക്കാക്കര മേഖലയിൽ വാടകവീടുകൾക്കും പണയവീടുകൾക്കും ആവശ്യക്കാർ ഏറിയതോടെയാണ് തട്ടിപ്പ് സംഘങ്ങൾ ഇത് മുതലെടുക്കാൻ തുനിഞ്ഞെറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസിന് ലഭിച്ച പരാതിയോടെയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. വാടകയ്ക്ക് നൽകിയ വീടുകൾ കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുനൽകാതിരുന്നതിനെ തുടർന്ന് മേൽനോട്ട ചുമതലയുള്ള കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ മൂന്ന് വീടുകളും വ്യാജരേഖകൾ തയ്യാറാക്കി മറ്റ് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയതായി കണ്ടെത്തിയത്.
പരാതിക്കാരൻ നേരത്തെ മൂന്ന് വീടുകളാണ് വാടകയ്ക്ക് നൽകിയിരുന്നത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും വീടുകൾ ഒഴിയാനോ വാടക കുടിശ്ശിക തീർക്കാനോ വാടകക്കാർ തയ്യാറായില്ലെന്നാണ് പരാതി. നിലവിൽ 5.56 ലക്ഷം രൂപയുടെ വാടക കുടിശ്ശികയുണ്ടെന്നും പരാതിയിൽ പറയുന്നു.
ഇതിന് പുറമേ വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഓരോ വീടിനും 10 ലക്ഷം രൂപ വീതം വാങ്ങി മറ്റുള്ളവർക്ക് പണയത്തിന് നൽകിയതായും ആരോപണമുണ്ട്. ഇതിനായി വ്യാജ കരാറുകളും രേഖകളും തയ്യാറാക്കിയെന്നാണ് പരാതിക്കാരന്റെ ആരോപണം.
വയോധികന്റെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.






