കൊച്ചി; കുണ്ടന്നൂരിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നെട്ടൂർ മേലേത്തട്ട് റോഡ് മാധവപ്പിള്ളിൽ എം.എ.പുഷ്പൻ (54) ആണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒ.ജി കാന്താരി ബാറിലെ സുരക്ഷാ ജീവനക്കാരായ രണ്ട് പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം മഞ്ഞക്കല ജയ ഭവനത്തിൽ സുരേഷ് കുമാർ (45), ഹൈദരാബാദ് സ്വദേശി ലയണൽ റോസ് (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നരയ്ക്കും 4.20നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മദ്യത്തിന്റെ അളവിനെച്ചൊല്ലി പുഷ്പനും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ജീവനക്കാർ പുഷ്പനെ ശക്തിയായി പിന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തള്ളലിന്റെ ആഘാതത്തിൽ നിലത്തുവീണ പുഷ്പന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻതന്നെ ഇയാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന പുഷ്പൻ ഇന്ന ഉച്ച കഴിഞ്ഞ് നാലു മണിയോടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ കൊലപാതക കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം സംഘർഷത്തിന്റെ തെളിവുകൾ പോലീസ് ശേഖരിക്കുന്നുണ്ട്. പുഷ്പന്റെ ഭാര്യ ഗൗരി. മക്കൾ: ആരതി, അനന്തു.






