ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും പോലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ കമാൻഡിങ് ഓഫിസറും മേജറും ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ കേസ്. കിഷ്ത്വാറിലെ അഥോലി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സ്റ്റേഷനകത്തുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും മർദിച്ചതിന് 17 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 40 സൈനികർക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസിസ്റ്റന്റ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ സൈന്യത്തിന്റെ ഒരു വാഹനം പിടിച്ചെടുത്തതിനെത്തുടർന്നാണ് സൈനികർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ ആക്രമിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന എആർടിഒയെയും അദ്ദേഹത്തിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരെയും സൈന്യം മർദിച്ചതായും വാഹനങ്ങൾ തകർത്തതായും എഫ്ഐആറിൽ പറയുന്നു.
പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഇക്കാര്യം പരിശോധിച്ചുവരികയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ വക്താവ് എൻഡിടിവിയോട് പറഞ്ഞു.ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് കുമാർ ഭഗത്, അഥോലി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃത് കടോച്ച് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് സൈനികരുടെ മർദനമേറ്റത്. പോലീസ് സ്റ്റേഷന്റെ പ്രധാന കവാടവും മതിലുകളും ചാടിക്കടന്ന് അകത്തുകയറിയ സൈനികരുടെ കൈകളിൽ ലാത്തികളും ഇരുമ്പ് വടികളും സർവീസ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

















































