കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം എൻഡിഎയിലേക്ക് പോകണമെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇനി യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാൻ സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്നാണ് ഈ വിഭാഹത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നാണ് നിർദ്ദേശം വന്നത്. കൂടാതെ മലബാർ മേഖലയിൽ നിന്നും സമാനാഭിപ്രായം ഉയർന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അർഹമായ പരിഗണന കിട്ടിയാൽ പോകുന്നതിൽ തെറ്റില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഇന്നലെയായിരുന്നു കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേർന്നത്. യോഗത്തിൽ പിണറായി വിജയനും സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കുമെതിരെ വിമർശനം ഉയർന്നിരുന്നു. നിയമസഭാ തോൽവിയുടെ കാരണം പിണറായി വിജയനാണെന്നാണ് നേതാക്കൾ യോഗത്തിൽ പറഞ്ഞത്. ഇനിയും പിണറായി വിജയൻ തന്നെ നയിച്ച് മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാകുമെന്നും അഭിപ്രായം ഉയർന്നിരുന്നു. കൂടാതെ സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തുവെന്നും നേതാക്കൾ പറഞ്ഞു. സാധാരണ ജനങ്ങളുടെ പൾസ് മനസിലാക്കാൻ എൽഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
അതേസമയം കേരള കോൺഗ്രസ് എം ഒറ്റയ്ക്ക് നിൽക്കണമെന്ന അഭിപ്രായവും ചില നേതാക്കൾ ഉയർത്തി. ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കണമെന്നാണ് ഈ നേതാക്കൾ അഭിപ്രായപ്പെട്ടത് യോഗത്തിൽ മുൻ എംഎൽഎമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണിനുമെതിരെയും വിമർശനം ഉയർന്നിരുന്നു. കേരള കോൺഗ്രസ് എമ്മിൽ മുന്നണി മാറ്റ ചർച്ചകൾ നടക്കുന്നതിനിടെ ഫേസ്ബുക്കിൽ ‘തുടരും’ പോസ്റ്റിട്ടത് ശരിയായില്ലെന്നായിരുന്നു ഉയർന്ന വിമർശനം. ചില എംഎൽഎമാർ അത്തരത്തിൽ പോസ്റ്റിട്ടത് അവമതിപ്പുണ്ടാക്കി. ഇത് മറ്റ് എംഎൽഎമാരെയും മത്സരിച്ച സ്ഥാനാർത്ഥികളെയും പൊതുജനം സംശയിക്കുന്നതിന് കാരണമായെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.


















































