തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് അനിലിനെ പുറത്താക്കിയത്. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് നടപടിയെടുത്തത്.
അറസ്റ്റിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് തർക്കമാണെന്നും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായിരുന്നില്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങൾ നേതൃത്വം പരിഗണിച്ചില്ല. മുഖ്യമന്ത്രിയെപ്പോലൊരു മുതിർന്ന നേതാവിന്റെ വാഹനം ഒരു ഡിസിസി അംഗം വഴിയിൽ തടഞ്ഞുനിർത്തുകയും വെല്ലുവിളിക്കുകയും ചെയ്തത് ഗുരുതര അച്ചടക്കലംഘനമായാണ് നേതൃത്വം വിലയിരുത്തിയത്. ഇതോടെയാണ് അനിലിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ കെപിസിസി നേതൃത്വം നിർദേശം നൽകിയത്.
അനിലിനെ പിന്തുണച്ച് പാർട്ടിയിലെ മുതിർന്ന നേതാക്കളോ ഗ്രൂപ്പുകളോ രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി. ഇത്തരത്തിൽ പ്രതിഷേധിച്ചത് ശരിയായില്ലെന്നാണ് നേതാക്കളുടെ നിലപാട്. ചേന്തി അനിലിനെതിരായ കേസുകളും അദ്ദേഹത്തിന്റെ ചില നടപടികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചതയദിന പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ കാരണമായതായും പാർട്ടി നേതാക്കൾ പറയുന്നു.
അതേസമയം, ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി അനിലിനെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ശ്രീകാര്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയാണ് വാഹനം തടഞ്ഞതെന്നാണ് പൊലീസ് ആരോപണം. കാറിൽനിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചേന്തി അനിലിനെതിരെ ചുമത്തിയിരിക്കുന്നത്.






