ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ നാല് പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. ആദ്യം മേൽക്കൂരയിലെ ഓടു പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് മുൻകൂട്ടി തീരുമാനിച്ചിരുന്നതെന്ന് പ്രതികളുടെ മൊഴി. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി ഉറപ്പാക്കി. തുടർന്ന് ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഓടിട്ട വീടിന്റെ മച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കു തടസമായി. ഇതോടെ പ്ലാൻ മാറ്റി ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തു കടന്നു. തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസംമുട്ടിച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു.
അതേസമയം കുറ്റാരോപിതരിൽ ഒരാളാണ് ഈ ആശയം അവതരിപ്പിച്ചതെന്നാണു സൂചന. ഇതിനു പ്രചോദനമായത് 2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് സിനിമയാണെന്നു പറയുന്നു. മുകളിൽനിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ. ഇതേ രീതിയിൽ കൊല്ലാനായിരുന്നു പദ്ധതി.
ഇതിനായി ശിവൻകുട്ടി താമസിച്ചിരുന്ന വാടകവീട്ടിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയെത്തിയ പ്രതികൾ ആദ്യം പുരപ്പുറത്തു കയറി. പല ഭാഗങ്ങളിലായി ഓടിളക്കി നോക്കി. മച്ചുള്ളതിനാൽ കല്ലിട്ടു കൊല്ലാൻ കഴിയില്ലെന്നു മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാനും ശ്രമിച്ചു. അതും ഫലം കണ്ടില്ല. ഇതോടെ ശുചിമുറി വഴി അകത്തുകടക്കാൻ തീരുമാനിക്കുകയായിരുന്നു.






