പാറ്റ്ന: ബിഹാറിലെ നളന്ദയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജൻറ് ചേർത്തതിനെ തുടർന്ന് 24-ലധികം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദ ജില്ലയിലെ പരാസി മിഡിൽ സ്കൂളിലാണ് സംഭവം നടന്നത്.
നേരത്തെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ഉപ്പ് കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് പാചകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഡിറ്റർജൻറ് പൗഡർ അബദ്ധത്തിൽ ഉപ്പാണെന്ന് കരുതി പാചകക്കാരൻ ഭക്ഷണത്തിൽ കൂടുതൽ ചേർക്കുകയായിരുന്നു. പിന്നാലെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് കടുത്ത തലകറക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ അധ്യാപകരും നാട്ടുകാരും ചേർന്ന് കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.






