ദോഹ: അമേരിക്കയുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ നടന്ന സൈനിക നടപടിക്കിടെ തകർന്നുവീണ യുദ്ധവിമാനത്തിലെ മൂന്ന് പൈലറ്റുമാരെ ഖത്തർ പിടികൂടിയതായി ഇറാൻ ആരോപിച്ചു. പൈലറ്റുമാരെ മോചിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇറാന്റെ ആരോപണം ഖത്തർ ശക്തമായി നിഷേധിച്ചു.
മൂന്ന് പൈലറ്റുമാരെ ആറുമാസമായി ഖത്തർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് ഇറാന്റെ ആരോപണം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസിന്റെ (ഐസിആർസി) മേധാവിക്ക് ഇറാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗർസാദെ കത്തയച്ചു.
ജവാദ് സലേഹി, അബ്ദുൾ മജീദ് ദഷ്തിയൻ, ഇമ്രാൻ ബെഹ്റോഷിയൻ എന്നീ പൈലറ്റുമാരെയാണ് ഖത്തർ തടങ്കലിൽ വെച്ചിരിക്കുന്നതെന്നാണ് ഇറാൻ കത്തിൽ പറയുന്നത്. മാർച്ച് രണ്ടിന് നടന്ന അതേ സൈനിക നടപടിയിൽ കൊല്ലപ്പെട്ട മറ്റൊരു പൈലറ്റായ മജീദ് ഖസേമിയുടെ മൃതദേഹം ഖത്തർ ഇറാന് കൈമാറിയതായും കത്തിൽ ആരോപിക്കുന്നു.
എന്നാൽ ഇറാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ പുറത്തുവരുന്നതിൽ അത്ഭുതമുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നതായി അൽ അൻസാരി എക്‌സിലൂടെ അറിയിച്ചു. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനായി നയതന്ത്ര ശ്രമങ്ങളും ഇടപെടലുകളും നടക്കുന്നതിനിടെയാണ് ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വിമാനത്തിലെ പൈലറ്റുമാരുമായി ആശയവിനിമയത്തിന് ശ്രമിച്ചിരുന്നുവെന്നും എന്നാൽ അവരിൽനിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം രാജ്യത്തിന്റെ പ്രദേശം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഔദ്യോഗിക ചാനലുകളിലൂടെ അന്നുതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും ഖത്തർ അറിയിച്ചു.
സംഭവത്തിൽ കണ്ടെത്തിയ പൈലറ്റുമാരിൽ ഒരാളുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നതിനായി ഖത്തർ ഇറാനുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനായി ഏപ്രിലിൽ ഇറാനിയൻ സംഘത്തെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ ഇറാൻ ആ ക്ഷണത്തിന് മറുപടി നൽകിയിട്ടില്ലെന്നും അൽ അൻസാരി പറഞ്ഞു.
ഖത്തറിലെ ഒരു സൈനിക താവളത്തിൽ നടത്തിയ സൈനിക നടപടിക്കിടെ യുദ്ധവിമാനം തകർന്നതിനെ തുടർന്ന് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയെന്നും തുടർന്ന് ഖത്തർ അവരെ പിടികൂടിയെന്നുമാണ് ഇറാന്റെ വാദം.
അതേസമയം, പൈലറ്റുമാരെ തടങ്കലിൽ വെച്ചെന്ന ആരോപണം ഖത്തർ നിഷേധിച്ചതോടെ സംഭവത്തിൽ ഇരുരാജ്യങ്ങളുടെയും വാദങ്ങൾ തമ്മിൽ വലിയ വൈരുധ്യമാണ് നിലനിൽക്കുന്നത്.




