ഇടുക്കി: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 18 മാസത്തോളം ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കഴിഞ്ഞ പിതാവിനെ ഒടുവിൽ കോടതി കുറ്റവിമുക്തനാക്കി. കട്ടപ്പന അതിവേഗ കോടതിയാണ് 18 മാസത്തിനുശേഷം പിതാവിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തി നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കിയത്. സംഭവത്തിന് പിന്നിൽ മകളുടെ കാമുകനും അമ്മയും ചേർന്ന് നൽകിയ പരാതിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പിതാവിനെതിരെ മകളുടെ കാമുകനും അമ്മയും ചേർന്ന് പൊലീസിൽ പരാതി നൽകിയത്. കേസിൽ പെൺകുട്ടിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ പിതാവിനെതിരെ മൊഴി നൽകിയ മകൾ കാമുകന് അനുകൂലമായി കൂറുമാറുകയായിരുന്നു.
പെൺകുട്ടി കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനെ വീട്ടുകാർ എതിർത്തിരുന്നു. ഇതാണ് പിതാവിനോട് പെൺകുട്ടിക്ക് ദേഷ്യമുണ്ടാകാൻ കാരണമായതെന്നാണ് പറയുന്നത്. എതിർപ്പ് അവഗണിച്ച് പെൺകുട്ടി ഒളിച്ചും പാത്തും കാമുകനുമായി ഫോൺ സംഭാഷണം തുടരുകയും ചെയ്തിരുന്നു.
ഇതിനിടെ കാമുകൻ പലതവണ വീട്ടിലെത്തിയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ കോളേജിലെ സുഹൃത്താണെന്നാണ് പെൺകുട്ടി ഇയാളെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയിരുന്നത്. ബന്ധത്തെ വീട്ടുകാർ എതിർത്തതിന് പിന്നാലെയാണ് പിതാവ് മകളെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി കാമുകനും അമ്മയും പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. മകൾ തനിക്കെതിരെ പരാതി നൽകിയ വിവരം പോലും പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് മാതാവ് പറയുന്നു.
തുടർന്ന് പിതാവ് ജയിലിലായി. ജാമ്യം പോലും ലഭിക്കാതെ ഏകദേശം 18 മാസമാണ് കേസിൽ പ്രതിയായി അദ്ദേഹം ജയിലിൽ കഴിഞ്ഞത്. ഇതിനിടെ കേസിന്റെ വിചാരണ നടപടികൾ പുരോഗമിച്ചു.
മൂന്ന് മാസത്തിനുശേഷം മകളുടെ കാമുകൻ വീണ്ടും വീട്ടിലെത്തിയെന്നും മാതാവ് പറയുന്നു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും മകൾ കാമുകന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും പിന്നീട് ഇയാൾക്കൊപ്പം പോകുകയും ചെയ്തുവെന്നാണ് മാതാവിന്റെ വെളിപ്പെടുത്തൽ.
കേസിൽ കോടതിയിൽ പിതാവിനെതിരെ മൊഴി നൽകിയ മകൾ പിന്നീട് കാമുകന് അനുകൂലമായി കൂറുമാറിയതും കേസിൽ നിർണായകമായി. ഒടുവിൽ 18 മാസത്തിനുശേഷം കട്ടപ്പന അതിവേഗ കോടതി പിതാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇപ്പോൾ മകൾ കാമുകനൊപ്പമാണ് കഴിയുന്നതെന്നും മാതാവ് പറയുന്നു.
‘കൊച്ച് ഫോൺ വിളിക്കുവായിരുന്നു. ഞാൻ അത് എതിർത്തു. അത് അവൾക്ക് ദേഷ്യമായി, മനസ്സിൽ കൊണ്ടുനടന്നു. ഒളിച്ചും പാത്തും ഫോൺ വിളിക്കുമായിരുന്നു. മകളുടെ കാമുകൻ ഇവിടെ നേരത്തെ വന്നിരുന്നു. ഞങ്ങൾക്ക് അറിയില്ലായിരുന്നു. ചോദ്യം ചെയ്തതോടെയാണ് മകളുടെ കാമുകനും അമ്മയും ചേർന്ന് പരാതി നൽകിയത്. കേസിൽ പെട്ടപ്പോൾ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല,’ പിതാവ് പറയുന്നു.
‘വീട്ടിൽ വന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയപ്പോഴാണ് മകൾ പരാതി നൽകിയ കാര്യം അറിയുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പോൾ കാമുകൻ വീണ്ടും വീട്ടിൽ വന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കാമുകനെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. അതിലും പിതാവിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഇപ്പോൾ അവൾ അവനൊപ്പമാണ് ജീവിക്കുന്നത്,’ പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
18 മാസത്തോളം ജയിലിൽ കഴിഞ്ഞശേഷം കോടതി കുറ്റവിമുക്തനാക്കിയതോടെ കുടുംബത്തിന് ആശ്വാസമായെങ്കിലും, ആരോപണത്തിന്റെ പേരിൽ നഷ്ടമായ ജീവിതവും ജയിലിൽ കഴിഞ്ഞ കാലവും തിരികെ ലഭിക്കില്ലെന്ന വേദനയിലാണ് പിതാവ്.






