കോഴിക്കോട്: മലപ്പുറത്ത് പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായതായി പരാതി. പാലക്കാട്-കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിൽ (KL 15 A 1529) വെച്ചാണ് സംഭവം. സീറ്റിൽ സമീപത്ത് ഇരുന്നയാളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവം അപ്പോൾതന്നെ പറഞ്ഞതോടെ കണ്ടക്ടറും യുവതിയോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
പോലീസിനെ വിവരം അറിയിക്കുന്നതിന് പകരം, ‘എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ’ എന്ന് കണ്ടക്ടർ യുവതിയോട് ചോദിച്ചതായാണ് ആരോപണം. സംഭവത്തിൽ യുവതി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും എഫ്‌ഐആറിൽ കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ കുറിച്ച് പരാമർശമില്ലെന്നാണ് വിവരം.






