നൈനിറ്റാൾ: ഹണിമൂണിന് കുടുംബത്തെയും കൂടെ കൂട്ടി ഭര്‍ത്താവ്. പിന്നാലെ വിവാഹ മോചനം തേടി യുവതി. നൈനിറ്റാളിലേക്കുള്ള ഹണിമൂൺ യാത്രയിൽ ഭർത്താവ് തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഒപ്പം കൂട്ടിയതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. ഉത്തർപ്രദേശിലെ മീററ്റിലുള്ള രാംരാജ് സ്വദേശിയായ യുവതിയും ഡൽഹി പട്ടേൽ നഗർ സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം.
ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ വർഷം വിവാഹിതരായ ഇവർ ഹണിമൂൺ ആഘോഷിക്കുന്നതിനായി നൈനിറ്റാളിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ഈ യാത്രയിൽ ഭർത്താവ് തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഒപ്പം കൂട്ടുകയായിരുന്നു.
യാത്രയിൽ സ്വകാര്യത പ്രതീക്ഷിച്ചിരുന്ന യുവതിക്ക് ഭർത്താവിന്റെ ഈ പ്രവൃത്തി വലിയ നിരാശയാണുണ്ടാക്കിയത്. നൈനിറ്റാളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാൻ തുടങ്ങി.
കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നതിനാൽ തങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെന്ന് യുവതി വാദിച്ചു. എന്നാൽ, സിംഗപ്പൂരിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിച്ച ഭർത്താവ് ഇതിൽ ഒരു തെറ്റും കണ്ടില്ല. എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താൻ കുടുംബത്തെയും ഒപ്പം കൂട്ടിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം. താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് ഇരുവരും ചേർന്ന് ഒരു ദുബായ് യാത്ര പ്ലാൻ ചെയ്തപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളായി. ദുബായ് യാത്രയിലും തന്റെ കുടുംബത്തെ ഒപ്പം കൂട്ടണമെന്നായിരുന്നു ഭർത്താവിന്റെ ആഗ്രഹം.പിന്നാലെ യുവതി വിവാഹ മോചനം തേടുകയായിരുന്നു.
















































