ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ തടയാൻ ഗൾഫ് രാജ്യങ്ങൾക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇറാന്‍. യു.എസും ഇറാനും തമ്മിൽ പരസ്പരാക്രമണങ്ങൾ ശക്തമാക്കുകയും പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന അയൽരാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞത്. ഇറാനെതിരെ നീക്കങ്ങൾ ആസൂത്രണം ചെയ്യാനോ, സംഘടിപ്പിക്കാനോ, നടപ്പിലാക്കാനോ അതിന് പിന്തുണ നൽകാനോ വേണ്ടി തങ്ങളുടെ ഭൂപ്രദേശങ്ങളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാൻ അമേരിക്കൻ സൈന്യത്തിനും ഇസ്രയേലിനും അനുവാദം നൽകരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു. അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് പിന്നിൽ ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
പിന്നാലെ ഇറാനെതിരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ഇതിന് മറുപടിയായി ബഹ്‌റൈനിലെ യുഎസിന്റെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി.

















































