ഡെറാഡൂൺ: മസൂറിയിലെ ഹോം സ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിശാഖപട്ടണം സ്വദേശിയായ ശ്രീചരൺ ആണ് പിടിയിലായത്. കൊലപാതകം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രാധ ഗായത്രി എന്ന 27 വയസ്സുകാരിയെ ആണ് ജൂൺ 15ന് ഹോം സ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി നിവാസികളായ ദമ്പതികൾ കഴിഞ്ഞ മാസം 14ന് ഋഷികേശിലേക്ക് യാത്ര തിരിച്ചു.
രാത്രിയോടെ മസൂറിയിലെ ഹോം സ്റ്റേയിൽ എത്തി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നത് കണ്ടു എന്നാണ് ശ്രീചരൺ പോലീസിനോടു പറഞ്ഞത്. മൂക്കിൽ നിന്ന് രക്തം വരുന്നതായി താൻ കണ്ടു എന്നും എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ലെന്നുമായിരുന്നു ശ്രീചരണിന്റെ മൊഴി. സംഭവം നടന്ന് ദിവസങ്ങൾക്കിപ്പുറം രാധ ഗായത്രിയുടെ പിതാവ് സുധാകർ, മകളുടെ മരണം കൊലപാതകമാണെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി.
പിന്നാലെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ശ്രീചരണിനെ പിന്നീട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ശ്രീചരൺ, രാധയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഭർത്താവ് തന്നെ ഉപദ്രവിച്ചിരുന്നതായി മകൾ പലപ്പോഴും ഫോൺ വിളിച്ച് അറിയിക്കുമായിരുന്നുവെന്നും ശ്രീചരൺ സംശയരോഗിയായിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നുവെന്നും രാധയുടെ മാതാപിതാക്കൾ പൊലീസിനു മൊഴി നൽകി. നാട്ടിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നു പറഞ്ഞാണ് അവസാനം ഫോൺ വച്ചതെന്നും പക്ഷേ അഴള്‍ തിരിച്ചെത്തിയില്ലെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരണകാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.

















































