കോഴിക്കോട്: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തയാക്കി. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനി ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി പി. പ്രദീപ് വെറുതെ വിട്ടത്.
2019 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാണെന്ന് കരുതി കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ കേസ്.
എന്നാൽ കേസിൽ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും വിശദമായി പരിശോധിച്ച കോടതി, ധനലക്ഷ്മിക്കെതിരായ കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതിയെ കുറ്റവിമുക്തയാക്കി കോടതി ഉത്തരവിട്ടത്.
വിചാരണക്കാലത്ത് ധനലക്ഷ്മി 82 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. പി. കുമാരൻകുട്ടിയും അഡ്വ. സഫൽ കല്ലറംകെട്ടിലുമാണ് ഹാജരായത്.


















































