ലക്നൗ: പെട്രോളടിക്കാനായി പമ്പിലെത്തിയ യുവാവിനുനേരെ അക്രമി സംഘത്തിന്റെ ആക്രമണം, രണ്ട് കൈയ്യും കോടാലിക്ക് അക്രമികൾ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ മഹോബയിലുള്ള ഒരു പമ്പിൽവച്ചാണ് ജയ്‌വേന്ദ്ര സിങ് (28) എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ക്രൂരമായ ആക്രമണം നടന്നത്.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പമ്പിലെത്തിയ അക്രമി സംഘം ജയ്‌വേന്ദ്ര സിങ്ങുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവിന്റെ രണ്ട് കൈകൾ അറ്റു പോകുകയും കാലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കൂടാതെ മൂർച്ചയുള്ള ആയുധം കൊണ്ട് അക്രമിസംഘം യുവാവിന്റെ തലയ്ക്കും വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിനു ബന്ധമുണ്ടെന്ന് അക്രമത്തിനിരയായ യുവാവിന്റെ കുടുംബം ആരോപിച്ചു. എന്നാൽ ഇവരുമായി ജയ്‌വേന്ദ്ര സിങ്ങിനു മുൻപ് ബന്ധമുണ്ടായിരുന്നില്ല.
അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ഗുരുതരമായി ജയ്‌വേന്ദ്ര സിങ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് യുവാവിനെ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം.


















































