ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ദാരാ സിങ്ങിന്റെ മോചനം ഒഡിഷ സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദീർഘകാലമായി ശിക്ഷ അനുഭവിക്കുന്ന തടവുകാരെ മോചിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ദാരാ സിങ്ങിന്റെ പേരും പരിഗണനയിലുള്ളത്.
26 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും തന്റെ മുൻകാല പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്നും ചൂണ്ടിക്കാട്ടി ദാരാ സിങ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട് നിയമപ്രകാരം തീരുമാനമെടുക്കാൻ ഒഡിഷ സർക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 19-ന് വീണ്ടും പരിഗണിക്കും.
1999 ജനുവരി 22-ന് ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കുഷ്ഠരോഗികൾക്കിടയിൽ സേവനപ്രവർത്തനം നടത്തിയിരുന്ന ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളായ പത്ത് വയസ്സുകാരൻ ഫിലിപ്പിനെയും ആറു വയസ്സുകാരൻ തിമോത്തിയെയും സ്റ്റേഷൻ വാഗണിൽ ഉറങ്ങുന്നതിനിടെ ആക്രമിസംഘം വാഹനത്തിന് തീയിട്ട് ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.
രവീന്ദ്ര പാൽ എന്ന ദാരാ സിങ്ങാണ് കേസിലെ മുഖ്യപ്രതി. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതിയായ മഹേന്ദ്ര ഹെംബ്രം 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം 2025 ഏപ്രിലിൽ മോചിതനായിരുന്നു.


















































