കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൈക്രോഫിനാൻസ് തട്ടിപ്പിൽ എത്ര കേസുകളിൽ അന്വേഷണം പൂർത്തിയായിയെന്ന് കോടതി ആരാഞ്ഞു. അതുപോലെ പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആരാഞ്ഞു.
അതുപോലെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരമില്ലാത്തതിനെ തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിടുകയായിരുന്നു. കേസിൽ കുറ്റപത്രങ്ങൾ സമർപ്പിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് ഇതുവരെ ഒരു എഫ്ഐആറിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ മറുപടി. ആകെ രജിസ്റ്റർ ചെയ്തതിൽ 8 കേസുകളിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി മറുപടി നൽകി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും പിന്നെ എന്തുകൊണ്ടാണ് കുറ്റപത്രം നൽകാൻ തടസമെന്നും കോടതി ചോദിച്ചു.
അതേസമയം കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസുകളിൽ സർക്കാരിൽ നിന്നും പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് വിജിലൻസ് എസ്പി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കുറ്റപത്രം നൽകാൻ വൈകുന്നതിന്റെ കാരണങ്ങളും കൃത്യമായി വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ വിജിലൻസിന് നിർദേശം നൽകി.





