തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മൂന്ന് ജില്ലകളിലായി ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും അഞ്ച് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നുവീണ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റെജീനയും മരിച്ചു.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിലാണ് കുടയത്തൂർ സ്വദേശി സുമതി മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.
അതേസമയം, പത്തനംതിട്ടയിലെ റാന്നിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. പമ്പ ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ ആശങ്ക തുടരുന്നു.
Related Post
പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ അതിതീവ്ര മഴയാണ് ലഭിച്ചത്. ളാഹയിൽ 25 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. പീരുമേടിലും തൊടുപുഴയിലും 21 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. റാന്നി, കോന്നി മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.






