അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി 12 അടി താഴ്ചയിൽ കുഴിച്ചുമൂടി കുഴി കോൺക്രീറ്റ് ചെയ്തു. ജിഗ്നേഷ് മാവാഡിയ ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ഭാര്യ പൃഥ്വി, അവരുടെ മുൻ കാമുകനായ നിതേഷ് കച്ചാത്തിയ, സഹായി ബൽവീർ വർമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ‘ദൃശ്യം’ സിനിമയിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിക്കും വിധം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമം നടത്തിയതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭർത്താവ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുകയാണെന്നും തൊഴിലുടമ ഫോൺ വിളിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് ജിഗ്നേഷിന്റെ ഭാര്യ പൃഥ്വി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഓസ്‌ട്രേലിയയിലേക്ക് യാത്ര പോകാൻ പദ്ധതിയിട്ട ഒരു ബന്ധു ജിഗ്നേഷിന്റെ വിലാസവും ഫോൺ നമ്പറും ചോദിച്ചതോടെയാണ് കള്ളം പൊളിഞ്ഞുതുടങ്ങിയത്. പൃഥ്വിയുടെ മറുപടിയിലെ പൊരുത്തക്കേടുകളിൽ സംശയം തോന്നിയ ജിഗ്നേഷിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ 2024 മെയ് 31-നാണ് കൊലപാതകം നടന്നതെന്ന് പ്രതി സമ്മതിച്ചു.
മദ്യപാന പാർട്ടിക്കെന്ന വ്യാജേന ജിഗ്നേഷിനെ ഒരു ഇൻഡസ്ട്രിയൽ ഷെഡിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് സയനൈഡ് കലർത്തിയ മദ്യം നൽകി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് 12 അടി താഴ്ചയുള്ള കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയും തെളിവ് നശിപ്പിക്കാനായി അതിനു മുകളിൽ ഒരടി കനത്തിൽ കോൺക്രീറ്റ് പാളി നിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. കട്ടിയുള്ള കോൺക്രീറ്റ് തറ പൊളിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്കായി അവശിഷ്ടങ്ങൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.


















































