തിരുവനന്തപുരം: തിരുവനന്തപുരത്തെ ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പാർക്കിന് പഞ്ചായത്ത് നൽകിയ അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ ഇനി പാർക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് ഇതേ പാർക്കിൽ മുമ്പും അപകടം സംഭവിച്ച് ഒരു കുട്ടി മരണപ്പെട്ടിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു സംഭവം ഉണ്ടായിട്ടും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോയതെന്നും അതാണ് വീണ്ടും അപകടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനം നൽകിയ ലൈസൻസ് റദ്ദാക്കി ആവശ്യമായ പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

















































