മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കുടുംബ തർക്കങ്ങൾക്കൊടുവിൽ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിലായി. തന്റെ ഭർത്താവുമായി നാത്തൂന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
ജൂലായ് 12-നാണ് നിദ എന്ന യുവതി സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നിദയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയായ റിംഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.
റിംഷയുടെ ഭർത്താവ് ഉവൈസുമായി നിദയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെച്ചൊല്ലി ഇരുവരും നിരന്തരം കലഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും പ്രകോപിതയായ റിംഷ അടുക്കളയിലെ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് നിദയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. കുത്തേറ്റ നിദ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത മീററ്റ് പോലീസ് നിരീക്ഷണങ്ങളുടെയും ചോദ്യം ചെയ്യലുകളുടെയും അടിസ്ഥാനത്തിലാണ് റിംഷയിലേക്ക് എത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും മീററ്റ് കോട്‌വാലി പോലീസ് ഓഫീസർ സൻഗ്രാം സിംഗ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും സംഭവത്തിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയുമാണ്.


















































