തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതുപോലെ കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്.
അതേസമയം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ 8 മുതൽ 9 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്.
















































