തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ സമഗ്ര ശിക്ഷാ ഫണ്ട് തടസ്സപ്പെടുമെന്ന രീതിയിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വ്യാജപ്രചാരണം പാര്‍ലമെന്റില്‍ തകര്‍ന്നു വീണെന്ന് സിപിഐഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടി.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ അജണ്ടയ്ക്ക് പണയം വെക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും പൂര്‍ണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സംഘപരിവാര്‍ ഡീല്‍ എന്ന് ആരോപിച്ച് സമരം ചെയ്തവര്‍, ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി കാവിവല്‍ക്കരണത്തിന് കുടപിടിക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
‘മുസ്ലിം ലീഗിനെക്കൊണ്ട് പിഎം ശ്രീ നടപ്പിലാക്കിപ്പിക്കും’ എന്ന ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനമാണ് യുഡിഎഫ് ശരി വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


















































