ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഗ്രാമത്തിലെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള പാടത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. മറ്റ് ഫൊറൻസിക്, മെഡിക്കൽ പരിശോധനകളുടെ ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്.
അതേസമയം ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും പ്രദേശവാസികളെ ചോദ്യം ചെയ്തതുമാണു കേസിൽ നിർണായക വഴിത്തിരിവായത്. അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ താൻ തന്നെയാണ് എടുത്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ഗോരഖ്പൂർ അഡീഷനൽ പോലീസ് സൂപ്രണ്ട് പാട്ടീൽ നിമിഷ് ദശരഥ് പറഞ്ഞു. സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും മദ്യത്തിന്റെ സ്വാധീനത്തിലാണ് കുറ്റം ചെയ്തതെന്നുമാണ് പ്രതി പറയുന്നത്.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് 14 കാരൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ കുഞ്ഞിനായുള്ള തിരച്ചിലിൽ പ്രതിയും പങ്കുചേർന്നിരുന്നുവെന്ന് പോലീസ് പറയുന്നു. പിടിയിലായ കൗമാരക്കാരനെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.












































