തിരുവനന്തപുരം: ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി ആറുമാസത്തിന് ശേഷം അറസ്റ്റിലായി. തമിഴ്നാട് ധർമപുരി ജില്ലയിലെ ഉദ്ദപ്പട്ടി സ്വദേശിയായ ശക്തിവേലിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്.
2025 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ശക്തിവേലും സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കടത്തിയത്. അവിടെ വെച്ച് പെൺകുട്ടി ലൈംഗികാതിക്രമത്തിനും ഇരയായി. പൊലീസ് വ്യാപക അന്വേഷണം നടത്തുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ കേസിലെ പ്രതികൾ അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവിൽ പോകുകയായിരുന്നു.
ഒടുവിൽ മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിൽ മുഖ്യപ്രതി ശക്തിവേലിനെ തമിഴ്നാട്ടിൽ നിന്ന് പിടികിട്ടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

















































