കൊച്ചി: ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചാർത്തിയ മാലയിലെ മുത്തുകൾ മോഷണം പോയ കേസിൽ മുൻ പൂജാരി അറസ്റ്റിൽ. അഴീക്കൽ കാളമുക്ക് മല്ലികാർജ്ജുന ക്ഷേത്രത്തിലെ സ്വർണം പൊതിഞ്ഞ രുദ്രാക്ഷ മാലയിലെ 73 മുത്തുകളാണ് നഷ്ടമായത്. കേസിൽ അമ്പലപ്പുഴ അത്രപ്പിളളി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി(50)യാണ് അറസ്റ്റിലായത്. മുൻ ക്ഷേത്രം മാനേജർ പി ജി രമേശന്റെ പരാതിയിലാണ് നടപടി.
2025 ജനുവരി മുതൽ 2026 മാർച്ച് വരെയാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഈ ക്ഷേത്രത്തിൽ പൂജ ചെയ്തിരുന്നത്. ഇക്കാലയളവിൽ പലപ്പോഴായി പ്രതി മുത്തുകൾ മോഷ്ടിക്കുകയായിരുന്നു. 108 മുത്തുകളുളള രുദ്രാക്ഷ മാലയിലെ 73 മുത്തുകളാണ് പ്രതി കവർന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.
ഇതിനിടെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ സമാനമായ കേസ് പിറവം പോലീസ് സ്റ്റേഷനിൽ ഉളളതായി കണ്ടെത്തി. തുടർന്ന് ഇയാളെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കൂടാതെ വിൽപ്പന നടത്തിയ തൊണ്ടി മുതലും പെലീസ് വീണ്ടെടുത്തു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.

















































