തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന്റെ സ്മരണയ്ക്കായി എറണാകുളം ജില്ലയിൽ സ്മാരകം സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് പ്രഖ്യാപനം. ജൂൺ ആറിനായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സിനിമ, സംഗീതം, സംസ്കാരം, ഗവേഷണം, വയോജന ക്ഷേേമം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചു.
മലയാളത്തിന്റെ അവിസ്മരണീയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി. യുവ കലാകാരന്മാർക്കും കുട്ടികൾക്കും തങ്ങളുടെ കലാപ്രതിഭ അവതരിപ്പിക്കാനുള്ള വേദികളും പാർക്കിന്റെ ഭാഗമാക്കും.
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണയ്ക്കായി ‘ചിത്രനഗരം’ പദ്ധതി നടപ്പാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മയ്ക്കായി തൃശൂരിൽ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

















































