ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽക്കുന്ന സംഘത്തിനെതിരായ അന്വേഷണത്തിൽ നിർണായക പുരോഗതി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനിയായ 22-കാരിയുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍.
ഈരാറ്റുപേട്ടയിലെ തീക്കോയി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ യുവതി രണ്ടാമതും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവും ബന്ധുക്കളും നിർബന്ധിച്ചെന്നും, വിസമ്മതിച്ചതോടെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് കുഞ്ഞിനെ ദത്ത് നൽകാനാകുന്ന സ്ഥാപനങ്ങൾക്കായി ഇൻസ്റ്റഗ്രാമിൽ തിരഞ്ഞപ്പോഴാണ് ‘അർഷിദ് കെയർ’ എന്ന അക്കൗണ്ടുമായി ബന്ധപ്പെട്ടത്. കാർത്തിക് എന്നയാൾ കോട്ടയത്തെ തീക്കോയിലേക്ക് വരാൻ നിർദേശിക്കുകയും യാത്രാച്ചെലവ് ഉൾപ്പെടെ ഒരുക്കുകയും ചെയ്തതായി യുവതി മൊഴി നൽകി.
തീക്കോയിയിലെ റബർ തോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു യുവതിയെ താമസിപ്പിച്ചത്. തമിഴ്നാട് സ്വദേശി രാജനും വാഗമൺ സ്വദേശി അർജുനും ഉൾപ്പെടെ മറ്റുചിലരും അവിടെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രസവശേഷം കുഞ്ഞിനെ കൈമാറിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്നും ഇതിനായുള്ള ധാരണാപത്രത്തിൽ ഒപ്പിടണമെന്നും സംഘം ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു.
ഒപ്പിടാൻ വിസമ്മതിച്ചതോടെ മർദിച്ചെന്നും വയറ്റിൽ ചവിട്ടിയെന്നും യുവതി പരാതിപ്പെട്ടു. തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രാജനെയും അർജുനെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന സംശയം പൊലീസിനുണ്ട്. അറസ്റ്റിലായ രണ്ടുപേരും കുഞ്ഞുങ്ങളെ മറിച്ചു വിറ്റിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇത് സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.



















































