കൊച്ചി: ആലുവയിൽ നിന്ന് 12 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും, നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ പൊലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ആലുവ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മയുടെ മൊബൈൽ ഫോണും കുട്ടിയുടെ കൈവശമുണ്ടായിരുന്നു. ഫോൺ സ്വിച്ച്ഓഫ് ആണ്. അവസാനമായി ലഭിച്ച ടവർ ലൊക്കേഷൻ കാസർകോടാണെന്ന് കുടുംബം പറയുന്നു.
“വീട്ടിൽ നിന്ന അതേ വേഷത്തിലാണ് അവൾ പോയത്. പല സ്ഥലങ്ങളിലും എത്തിയെന്ന വിവരമാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതുവരെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോൺ ഇപ്പോഴും ഓഫ് തന്നെയാണ്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്,” കുടുംബം പ്രതികരിച്ചു.
അതേസമയം, കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും, കുട്ടി കേരളം വിട്ടതായാണ് ലഭിക്കുന്ന വിവരമെന്നും പൊലീസ് വ്യക്തമാക്കി. എത്രയും വേഗം കുട്ടിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ സംഘം അറിയിച്ചു.

















































