കായംകുളം: ദേഹത്ത് തിളച്ച എണ്ണ വീണ് പൊള്ളലേറ്റ മാവേലിവേഷധാരി ചന്ദ്രബാബുവും ചായക്കടക്കാരൻ അഷ്റാഫും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായി. കായംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് ഇരുവരും പരസ്പരം മാപ്പുപറയുകയും ചന്ദ്രബാബു നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു.
അബദ്ധത്തിൽ തിളച്ച എണ്ണ ദേഹത്ത് വീണതാണെന്ന് വിശദീകരിച്ച അഷ്റാഫ് ചന്ദ്രബാബുവിനോട് മാപ്പുചോദിച്ചു. പിന്നാലെ ചന്ദ്രബാബുവും അഷ്റാഫിനോട് മാപ്പുപറഞ്ഞു. വർഷങ്ങളായി പരിചയമുള്ളവരാണ് ഇരുവരും. സംഭവത്തിൽ ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പരസ്പരം ക്ഷമിക്കാൻ തയ്യാറാണെന്നും ഇനി തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നും ചന്ദ്രബാബു പറഞ്ഞു.
അവിട്ടം നാളിലാണ് ചന്ദ്രബാബുവിന്റെ ദേഹത്ത് അബദ്ധത്തിൽ തിളച്ച എണ്ണ വീണത്. പൊള്ളലേറ്റതിനെ തുടർന്ന് മരുന്ന് പുരട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ചന്ദ്രബാബുവിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നീട് ഇരുവരും തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് പരസ്പരം ആലിംഗനം ചെയ്ത് സ്നേഹം പങ്കിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്.






