ന്യൂഡൽഹി: ഒരു പെൺകുട്ടിയോ, സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് ഡൽഹി ഹൈക്കോടതി. സ്ത്രീ ജീൻസ് ധരിച്ചതിനെ ലൈംഗികാതിക്രമവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകരുടെ വാദത്തെയും കോടതി രൂക്ഷമായി വിമർശിച്ചു.
സ്ത്രീയുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കാൻ അയൽക്കാരനോ, സമൂഹത്തിനോ പ്രതിക്കോ, കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനോ യാതൊരു അവകാശവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രശേഖർ സുധ വ്യക്തമാക്കി. ഒരു പെൺകുട്ടി ജീൻസ് ധരിക്കുന്നത് ആൺകുട്ടികളെ ചീത്തയാക്കും എന്ന തരത്തിലുള്ള ചിന്താഗതി അതീവ ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു.
“ഒരു പെൺകുട്ടിയോ, സ്ത്രീയോ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ അയൽക്കാരോ, സമൂഹമോ പ്രതിയോ കോടതിയിലെ അഭിഭാഷകനോ അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദേശിക്കാൻ അവകാശമുള്ളവരല്ല. അത് അവരുടെ വിഷയമല്ല- കോടതി വ്യക്തമാക്കി.
2013ൽ ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ഹൈക്കോടതിയുടെ നിർണായക പരാമർശം. പ്രതി സ്ത്രീയുടെ അയൽവാസിയായിരുന്നു. തന്നെ പിന്തുടരുകയും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ ആരോപണം. എന്നാൽ 2014ൽ വിചാരണക്കോടതി പ്രതിയെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.
വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ സ്ത്രീയുടെ പാശ്ചാത്യ വസ്ത്രധാരണം, പ്രദേശത്തെ ആളുകളുടെ മതം, സ്ത്രീ ധരിക്കുന്ന വസ്ത്രത്തോടുള്ള നാട്ടുകാരുടെ എതിർപ്പ് തുടങ്ങിയ കാര്യങ്ങളിലാണ് പ്രതിഭാഗം ചോദ്യങ്ങൾ ഉന്നയിച്ചത്. ഇത്തരം ചോദ്യം ചെയ്യൽ കേസുമായി ബന്ധമില്ലാത്തതും അനുചിതവുമാണെന്ന് ജസ്റ്റിസ് സുധ നിരീക്ഷിച്ചു.
സ്ത്രീ ജീൻസ് ധരിക്കുന്നത് പ്രദേശത്തെ ആൺകുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവൾ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ആരോപിച്ച് പ്രതിയും പ്രദേശത്തെ 50 താമസക്കാരും പോലീസിന് പരാതി നൽകിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാതിരുന്നതിലും കോടതി വിമർശനം ഉന്നയിച്ചു.
പ്രദേശത്തെ ആചാരങ്ങളും രീതികളും എല്ലാവരും പാലിക്കേണ്ടതുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. മതമോ പ്രാദേശിക ആചാരങ്ങളോ നിയമവിരുദ്ധമായ പെരുമാറ്റത്തെ ന്യായീകരിക്കാനോ ഒരു സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനോ ഉപയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീയുടെ വസ്ത്രധാരണം, സ്വഭാവം, ജീവിതരീതി, മതം, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ എന്നിവ കേസിലെ നിർണായക വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിൽ വിചാരണക്കോടതികൾ ഇത്തരം ചോദ്യങ്ങൾ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയുടെ വസ്ത്രധാരണമോ സ്വഭാവമോ സംഭവത്തെ ന്യായീകരിക്കുന്ന കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രം നിയന്ത്രിക്കുന്നതിലല്ല പരിഹാരം. പകരം കുട്ടികളെ സ്വന്തം പെരുമാറ്റം നിയന്ത്രിക്കാനും വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കാനും വീട്ടിലും പുറത്തും ഓരോ മനുഷ്യനോടും മാന്യമായി പെരുമാറാനും മാതാപിതാക്കളും സമൂഹവും പഠിപ്പിക്കണം,” കോടതി പറഞ്ഞു.
ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും ശരീരത്തിനും നിയമപരമായ സംരക്ഷണത്തിന് അവകാശമുണ്ടെന്നും, അവളുടെ സ്വഭാവത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർത്തിയാലും അവളുടെ സ്വകാര്യതയിലേക്കോ ശരീരത്തിലേക്കോ അതിക്രമിച്ച് കടക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സംഭവസമയത്ത് പരാതിക്കാരി പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്ന് പ്രോസിക്യൂഷന് തൃപ്തികരമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കേസിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.





