ഉള്ളൂർ: വഴക്കിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന ഭാര്യയുടെ ഫോൺ വന്നതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ മെഡിക്കൽ കോളെജ് പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ പോലീസ് എത്തി ജനാലച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് കട്ടിലിൽ സുഖമായി ഉറങ്ങുന്ന ഭർത്താവിനെ!
മെഡിക്കൽ കോളജിന് സമീപം മഞ്ചാടി ഭാഗത്താണ് സംഭവം അരങ്ങേറിയത്. മധ്യവയസ്കരായ ഭാര്യയും ഭർത്താവും തമ്മിൽ രാവിലെ മുതൽ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മുറിക്കുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. അല്പം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുമോ എന്നായിഭാര്യയുടെ സംശയം. വളരെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതിലോ, ജനാലകളോ തുറക്കാതായതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ഉറപ്പിച്ച് ഭാര്യ വിവരം നാട്ടുകാർക്കും പോലീസിനും കൈമാറി.
കേട്ടയുടൻ മെഡിക്കൽ കോളജ് എസ്ഐയും സംഘവും സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിച്ചിട്ട് അനക്കം ഉണ്ടായില്ല. ഒടുവിൽ ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിച്ചശേഷം അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന ഭർത്താവിനെയാണ്. തുടർന്ന് പോലീസ് ശബ്ദമുണ്ടാക്കി മദ്യലഹരിയിൽ നിന്ന് ഇയാളെ ഉണർത്തി. ഭർത്താവ് കതക് തുറന്നു പുറത്തേക്ക് വരികയായിരുന്നു. താൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്നും ആത്മഹത്യാശ്രമം നടത്തിയിട്ടില്ല എന്നും ഭർത്താവ് അറിയിച്ചതോടെ നാട്ടുകാരും പോലീസും പിൻവാങ്ങി.





