കോട്ടയം: പാലാ നഗരസഭയിലെ പൊട്ടിത്തെറി അതിർത്തികൾ ലംഘിച്ച് പുറത്തേക്ക് കടക്കുന്നു. കോൺഗ്രസ് കൗൺസിലറെ ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തതായി പരാതി. നഗരസഭ ഭരണപക്ഷ പാർലമെന്ററി പാർട്ടി യോഗത്തിനിടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കത്തിനൊടുവിൽ ബിനു കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ കൗൺസിലർ പരാതി നൽകി.
അതേസമയം പാലാ നഗരസഭയിലെ യുഡിഎഫിനുളളിൽ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. നഗരസഭയിൽ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യ സ്വഭാവത്തിൽ പെരുമാറുന്നു എന്ന ആക്ഷേപം കോൺഗ്രസിനുളളിൽ നിലനിൽക്കെയാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ കോൺഗ്രസ് കൗൺസിലർ കയ്യേറ്റ പരാതി നൽകിയത്. പരാതിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. ബിനുവിന്റെ മകളായ ദിയ ബിനു പുളിക്കക്കണ്ടമാണ് ഇപ്പോൾ പാലാ നഗരസഭാ ചെയർപേഴ്‌സൺ.
‘ഭരണപക്ഷ പാർട്ടി പാർലമെന്ററി യോഗത്തിനിടെ അടുത്ത ദിവസം നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ കൊട്ടാരമറ്റത്തിൽ ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയം അടിയന്തര അജണ്ടയിൽ ഉൾക്കൊളളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയം ചെയർപേഴ്‌സൺ ദിയ ബിനുവിന്റെ പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടവും അദ്ദേഹത്തിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും ഒരു കാരണവും കൂടാതെ പ്രകോപിതരായി എനിക്കുനേരെ കൈ ഓങ്ങി പാഞ്ഞടുത്തു. തടയാൻ ചെന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്തു. ഓട്ടോറിക്ഷക്കാരുടെ കാര്യത്തിൽ നിങ്ങൾക്കെന്താണ് ഇത്ര താൽപ്പര്യം എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. പ്രാണഭയത്താൽ ഞാൻ അവിടെനിന്നും ഇറങ്ങിയോടുകയായിരുന്നു’ എന്നാണ് ബിജു മാത്യൂസിന്റെ പരാതിയിൽ പറയുന്നത്.
അതേസമയം മുൻപും പാലാ മുനിസിപ്പൽ ഹാളിൽ വെച്ച് ബിനു പുളിക്കക്കണ്ടം സഹ കൗൺസിലറെ മർദ്ദിച്ച് അവശനാക്കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജു മാത്യൂസ് ആവശ്യപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ബിജു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




















































