ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബഹുമാനവും കടപ്പാടും തുടരുമെന്ന് തമിഴ്നാട്ടിലെ മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടാനുള്ള തീരുമാനം രാഷ്ട്രീയപരമായതാണെന്നും അത് പ്രധാനമന്ത്രിക്കോ കേന്ദ്ര നേതൃത്വത്തിനോ എതിരായ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹികമാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തിലാണ് ‘കലാം സ്‌കൂൾ ഓഫ് ഐഡിയോളജി’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചത്. മാസങ്ങളോളം നീണ്ട ആലോചനകൾക്കും പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കും ശേഷമാണ് രാജി തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരു ബിജെപിക്കാരനാണോ അതോ ഒരു തമിഴനാണോ എന്ന ചോദ്യവുമായി ബന്ധപ്പെട്ട ആന്തരിക സംഘർഷം ഏറെക്കാലമായി നിലനിന്നിരുന്നു. 2025 ഡിസംബറിലാണ് രാജി തീരുമാനം നേതൃത്വത്തെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തീരുമാനം നടപ്പാക്കാൻ പാർട്ടി ആവശ്യപ്പെട്ടു,” അണ്ണാമലൈ പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിൽ വലിയ അവസരങ്ങൾ നൽകിയ വ്യക്തിയാണ് മോദിയെന്നും തന്റെ വളർച്ചയിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ബിജെപിയിൽ നിന്ന് സൗഹാർദ്ദപരമായി പിരിയാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘വി ദി ലീഡർ’ എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നത്. കോയമ്പത്തൂരിൽ സ്ഥാപിക്കുന്ന ‘എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്’ എന്ന പരിശീലന-ഗവേഷണ സ്ഥാപനത്തിന് കീഴിലായിരിക്കും പ്രസ്ഥാനം പ്രവർത്തിക്കുക.
മുൻ രാഷ്ട്രപതിഎ.പി.ജെ അബ്ദുൾ കലാമിന്റെ ആശയങ്ങളാണ് പുതിയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമെന്ന് അണ്ണാമലൈ പറഞ്ഞു. കലാമിനെ അദ്ദേഹം “മാനവികതാവാദി, അഭിമാനിയായ തമിഴൻ, ദേശീയവാദി” എന്നാണ് വിശേഷിപ്പിച്ചത്.
മികവ്, അർപ്പണബോധം, ശാസ്ത്രീയ മനോഭാവം, ദേശീയത, സാമൂഹിക ഐക്യം തുടങ്ങിയ മൂല്യങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്ഥാനം ഭാവിയിൽ രാഷ്ട്രീയ പാർട്ടിയായി വളരുമെന്നും 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത് കൊണ്ടുവരാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അണ്ണാമലൈയുടെ രാജി ദേശീയ നേതൃത്വം അംഗീകരിച്ചതായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അറിയിച്ചു. അണ്ണാമലൈയുടെ പുതിയ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്നത് വരും മാസങ്ങളിൽ വ്യക്തമായേക്കും.




















































