കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ പരാതി. നല്ലൂർ സ്വദേശി മോഹൻദാസിന്റെ മരണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. ശ്വാസതടസ്സം മൂലം ആശുപത്രിയിലെത്തിയ മോഹൻദാസിനെ ചികിത്സിക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
അധികൃതരുടെ അനാസ്ഥ മൂലമാണ് പിതാവ് മരിച്ചതെന്ന് ആരോപിച്ച് മകൻ അരുൺദാസ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ജൂൺ 11ന് പുലർച്ചെയോടെയാണ് മോഹൻദാസിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്നും ചികിത്സ നൽകാൻ വൈകിയെന്നുമാണ് ആക്ഷേപം.
ആശുപത്രി അധികൃതർക്കെതിരെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സ്ഥലം എം.എൽ.എക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.






