കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ചത് കഴിഞ്ഞ ആഴ്ചയാണ്. വാച്ച് മോഷ്ട്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ സഹോദരൻ കൊടുവള്ളി കിഴക്കോത്ത് താമസിക്കുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തെങ്കിലും ഇപ്പോഴും പ്രതികളെ പിടികൂടാനായിട്ടില്ല. അനിയനെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിച്ചു, മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ കയറ്റിയ ഈർക്കിൽ ഞാനാണ് പിന്നീട് വലിച്ച് ഊരിയതെന്നും സഹോദരൻ പറഞ്ഞു.
കാണാതായെന്ന് പറയുന്ന വാച്ച് പിന്നീട് പള്ളിയിൽ നിന്നും കിട്ടി. എന്തിനാണ് മൂത്താപ്പ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും സഹോദരൻ പറഞ്ഞു. എന്റെ വീടും മൂത്താപ്പാന്റെ വീടും തൊട്ട് അടുത്താണ്. മിക്കപ്പോഴും അനിയൻ അവിടെയാണ് ഉണ്ടാവാറുള്ളത്. അങ്ങനെ ഒരു ദിവസമാണ് വാച്ച് കാണാതായത്. ഇതോടെ അവനോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് മൂത്താപ്പ പിതാവിനോട് പറഞ്ഞ് അനിയനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പക്ഷെ കുറെ കഴിഞ്ഞിട്ടും തിരിച്ച് വിട്ടില്ല. അകത്ത് കെട്ടിയിടുകയായിരുന്നു.
അനിയനെ തിരിച്ച് വിടാത്തത് ചോദിച്ചപ്പോൾ അവൻ പിറ്റേദിവസം പറയാമെന്നാണ് പറഞ്ഞതെന്നും അന്ന് അവിടെ താമസിക്കട്ടെ എന്നും മൂത്താപ്പ പറഞ്ഞു. പക്ഷെ അന്ന് നേരിട്ടത് ക്രൂരമായ മർദനമായിരുന്നു. അടുത്ത ദിവസവും പറഞ്ഞില്ലെങ്കിൽ ബ്ലേഡ് കൊണ്ട് മുറിക്കുമെന്നും മുറിവിൽ മുളക് പൊടി തേക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതൊക്കെ കേട്ടതോടെ താൻ ബോധംകെട്ട് പോയെന്നുമാണ് അനിയൻ തന്നോട് പറഞ്ഞതെന്നും സഹോദരൻ ചൂണ്ടിക്കാട്ടുന്നു.






