ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ 30കാരിയായ ഗർഭിണിയായ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്തിരുന്ന നാസിയ ഖാന (30) ആണ് മരിച്ചത്. തന്റെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി നാസിയയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ഏപ്രിൽ 11നായിരുന്നു നാസിയ അസം അലി ഖാനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വെറും നാല് മാസം പിന്നിടുന്നതിനിടെയാണ് ഗർഭിണിയായ യുവതിയുടെ മരണം. മരിക്കുമ്പോൾ നാസിയ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് അസം അലി ഖാനും ഭർതൃമാതാവ് സമീൻ നിഷയും ഭർതൃപിതാവ് ബാബർ അലി ഖാനും തന്നെ നിരന്തരം അധിക്ഷേപിക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി നാസിയ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായാണ് വിവരം.
കൂടാതെ മകളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഉൾപ്പെടെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച് നാസിയ പലതവണ കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഓഗസ്റ്റ് 21ന് പുലർച്ചെ നാലുമണിയോടെയാണ് നാസിയയുടെ മരണവിവരം കുടുംബത്തെ അറിയിച്ചത്. യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് നാസിയയുടെ ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യയായി ചിത്രീകരിച്ച് കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ചിരിക്കാമെന്നാണ് കുടുംബത്തിന്റെ സംശയം. നാസിയയുടെ പിതാവ് തവാബ് ഖാൻ മകളുടെ മരണത്തിന് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പോലീസിന്റെ ചോദ്യം ചെയ്യലിൽ നാസിയയുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവതി മുറിയിൽ കയറി വാതിൽ അടച്ചുവെന്ന് ഭർത്താവ് മൊഴി നൽകി. പിന്നീട് മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ജനലിൽ നാസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു.
നാസിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്താൻ സമയമെടുത്തതിനാൽ ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സംരക്ഷിക്കണമെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തണമെന്നും നാസിയയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകൾ, കുടുംബാംഗങ്ങളുടെ മൊഴികൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് പോലീസ് വ്യക്തമാക്കി.






