തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ വന്ദേമാതരം മുഴുവനായി പാടാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഭീഷണിയുമായി ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട്ടെ തങ്ങളല്ല. അതുപോലെ കേരളത്തിൽ നിലനിൽക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു.
എസ്. സുരേഷിന്റെ വാക്കുകൾ ഇങ്ങനെ-
‘പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങി അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന് വിചാരിച്ചാൽ ഈ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത്. മുസ്‌ലിം ലീഗ് നേതൃത്വം നൽകുന്ന ഒരു ഭരണകൂടം കേരളത്തിൽ വന്നതിനു ശേഷം, കേരളത്തിലെ ജനസംഖ്യാ അനുപാതത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയതിനു ശേഷം, പാണക്കാട്ടെ തങ്ങൾമാരുടെ കുടുംബത്തിന്റെ മതേതര മുഖത്തിന് ചില മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത് കേരളം മനസ്സിലാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. അതുകൊണ്ടാണ് വന്ദേമാതരത്തെ എതിർക്കുന്നത്. സവർക്കറെ അപമാനിക്കാൻ ശ്രമിക്കുന്നതും സവർക്കറുടെ പേരിൽ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.
അതുപോലെ പാണക്കാട് തങ്ങൾ കുടുംബത്തിന് ഈ പുതിയ അധികാരം കിട്ടിയപ്പോഴും ഇവിടുത്തെ ജനസംഖ്യാനുപാതത്തിൽ വന്ന മാറ്റവും കണ്ട് എന്തൊക്കെയോ ഈ കേരളത്തിൽ സാധിച്ചു കളയാം എന്നുള്ള വ്യാമോഹമാണ്. ഈ വർഗീയ സർക്കാരിനെയും പിന്തിരിപ്പൻ രാജ്യവിരുദ്ധ സമീപനങ്ങളെയും കേരളത്തിന്റെ മതേതര മനസ് തള്ളിക്കളയുമെന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്’.




