തൃശൂർ: തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ബിജെപി നേതാവ് എ ആർ ശ്രീകുമാർ .ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മതിലകം പൊലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി.
തന്റെ ചോരക്കായി പലരും കുറേക്കാലമായി ദാഹിക്കുന്നുവെന്ന് രാജിക്കത്തിൽ എ ആർ ശ്രീകുമാർ പറയുന്നു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്. ഭാര്യ പ്രിയങ്ക ഈ മാസം ഒമ്പതിനാണ് മതിലകം പൊലീസിൽ പരാതി നൽകിയത്. സ്വന്തം വീട്ടിൽ പോയ താൻ മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ഭർത്താവ് ക്രൂരമായി മർദിച്ചുവെന്നും തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പരാതി.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും ശ്രീകുമാർ മുൻകൂർ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താൽക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു. എ.ആർ ശ്രീകുമാറിനെതിരെ മർദനത്തിന് പരാതി നൽകിയ ഭാര്യക്കും കുടുംബത്തിനും നേരെ ഗുണ്ടയുടെ ഭീഷണിയുണ്ടായിരുന്നു.













































