ബെംഗളൂരു: ബൈക്കപകടത്തിൽ പരുക്ക്, ചികിത്സയിലിരിക്കെ മരണം… വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് കരുതിയിരുന്നിടത്തുനിന്ന് കേസ് കൊണ്ടുചെന്നെത്തിച്ചത് ആസൂത്രിതമായ കൊലപാതകത്തിലേക്ക്…കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. അസ്വാഭാവികതയൊന്നും തുടക്കത്തിൽ തോന്നാതിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്.
ബൈക്കപകടത്തിൽ പരുക്കുപറ്റിയ മുൻ സൈനിക ഉദ്യോഗസ്ഥനായ സന്ദീപ് കലഗൗഡ മഞ്ചർഗിയെ ആശുപത്രിയിൽവെച്ച് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ആശുപത്രി ലാബ് ജീവനക്കാരുമായി ചേർന്ന് ഇവർ സന്ദീപ് കലഗൗഡ മഞ്ചർഗിക്ക് ഹൃദയാഘാതമുണ്ടാക്കി. രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൊടുംക്രൂരത ചെയ്തത്.
അതേസമയം ഗൂഢാലോചനയിൽ പങ്കെടുത്തവരും തെളിവ് നശിപ്പിക്കാൻ സഹായിച്ചവരും അടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 13-ന് സന്ദീപ് മഞ്ചർഗിക്ക് ഒരു ചെറിയ ബൈക്ക് അപകടമുണ്ടായി. തുടക്കത്തിൽ അദ്ദേഹത്തെ ഹുക്കേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഭാര്യ സുമ മഞ്ചർഗി മുൻകൈ എടുത്ത് അദ്ദേഹത്തെ ഘട്ടപ്രഭയിലെ ജെ.ജി. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ചികിത്സയിലിരിക്കെ മാർച്ച് 15-ന് സന്ദീപ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ മൃതദേഹം ബിഐഎംഎസ് ആശുപത്രിയിലേക്ക് അയച്ചു, പ്രാഥമിക ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം മരണം ഹൃദയാഘാതം മൂലമാണെന്നും സ്ഥിരീകരിച്ചു. എന്നാൽ, കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരിക്കുകയും ആരോഗ്യവാനായിരിക്കുകയും ചെയ്ത സന്ദീപിന്റെ മരണത്തിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ ഡോംബറിന്റെ ഒരു സോഷ്യൽ മീഡിയ സ്റ്റാറ്റസ് അന്വേഷണത്തിലേക്ക് വെളിച്ചം വീശുകയും ചെയ്തു. ചോദ്യം ചെയ്യലിനൊടുവിൽ ഗൂഢാലോചന കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മാത്രമല്ല മരണാനന്തരം രണ്ട് കോടിയോളം രൂപ കുടുംബത്തിനു ലഭിക്കുന്ന തരത്തിൽ ഇൻഷുറൻസ് പോളിസികൾ സന്ദീപിന്റെ പേരിൽ എടുത്തിരുന്നുവെന്നു പോലീസ് പറയുന്നു. റോഡപകടത്തിൽ മരിക്കുന്ന സാഹചര്യത്തിലാണ് ഈ തുക ലഭ്യമാകുക. സന്ദീപും ഡോംബറും ഒരുമിച്ച് ഒരു ഹോട്ടൽ സംരംഭം നടത്തിയിരുന്നു. ഈ കാലയളവിലാണ് സുമയുമായി ഡോംബർ ബന്ധം സ്ഥാപിക്കുന്നത്. സന്ദീപിന്റെ പേരിൽ മൂന്ന് വ്യത്യസ്ത കമ്പനികളിൽ ഏകദേശം രണ്ടു കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയുള്ള കൊലപാതകമാണെന്ന് പോലീസ് പറയുന്നു.
സന്ദീപ് ജെ.ജി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ആശുപത്രി ജീവനക്കാർ കൊലപാതക പദ്ധതിയിൽ പങ്കാളികളായതായി പോലീസ് പറഞ്ഞു. ചികിത്സയ്ക്കിടെ, സുമയും ഡോംബറും ചേർന്ന് മരുന്നിലൂടെ വിഷം നൽകുകയും ഉറക്കഗുളികകൾ നൽകുകയും ചെയ്തതായി പറയപ്പെടുന്നു. സംഭവത്തിൽ അറസ്റ്റിലായവരിൽ ഡോക്ടർമാരും ലാബ് ജീവനക്കാരും ഉൾപ്പടെയുണ്ട്. മൂന്ന് ലക്ഷത്തോളം രൂപ ഇവർക്ക് കൈമാറിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തിൽ നിരവധി തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം പ്രതികൾ പിന്നീട് മരണത്തെ റോഡപകടത്തിന്റെ സ്വാഭാവിക ഫലമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി സമർപ്പിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി മൃതദേഹം പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇരയുടെ അറിവില്ലാതെയാണോ ഇൻഷുറൻസ് പോളിസികൾ എടുത്തതെന്ന കാര്യവും ഓരോ പ്രതിയുടെയും പങ്കാളിത്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

















































