തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശിച്ച നടപടികൾ സംസ്ഥാനത്ത് നടപ്പാക്കാൻ കേരളം. അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിനായി പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്.
തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. അപകടകാരികളായ നായ്ക്കളെ കൊല്ലണമോ എന്നതിൽ ഈ സമിതികൾക്ക് തീരുമാനമെടുക്കാനാകും. നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ പ്രാദേശികതലത്തിൽ ഏകോപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ ഒരുക്കുന്നതിനും സർക്കാർ നടപടികൾ ആരംഭിക്കും. ഇതിനായി ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളെ പരിപാലിക്കുന്ന വീടുകളെയും ഷെൽട്ടറായി പരിഗണിക്കാനാണ് തീരുമാനം. ഇത്തരം വീടുകൾക്ക് പ്രത്യേക ‘സ്മോൾ ഷെൽട്ടർ’ ലൈസൻസ് നൽകും.
തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കും. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാനുള്ള നിയന്ത്രണങ്ങൾ ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും.
തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടികൾ കേരളം ശക്തമാക്കുന്നത്. അപകടകാരികളായ നായ്ക്കളെ തിരിച്ചറിയുന്നതും അവയെ സുരക്ഷിതമായി നിയന്ത്രിക്കുന്നതും സംബന്ധിച്ച വിശദമായ നടപടിക്രമങ്ങളും തുടർന്നുണ്ടാകും.



















































